ചേറ്റുവ ടോള്‍: പി.ഡി.പി. താലൂക്കോഫീസ് മാര്‍ച്ച് നടത്തി


ചാവക്കാട്: മുഖ്യ രാഷ്‌ട്രീയ സംഘടനകള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും അകന്ന്‌ കുത്തക മുതലാളിമാരുടെ താത്‌പര്യ സംരക്ഷകരായി മാറിയെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ സമര പോരാളിയുമായ ഗ്രോവാസു പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ വിജയത്തിലെത്തുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കുക, സമര സഖാക്കളുടെ ജീവന്‍ രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് മുതലാളിമാരുടെ പാര്‍ട്ടിയാണെന്നും എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടിയായ സി.പി.എം. നെ സുഖിയന്മാരുടെ പാര്‍ട്ടിയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ പിരിവിനെതിരേ പി.ഡി.പി. ഉയര്‍ത്തിക്കൊണ്ടുവന്ന സമരം ഹൈജാക്ക്‌ ചെയ്യാന്‍ സി.പി.എമ്മും, കോണ്‍ഗ്രസും നടത്തുന്ന ശ്രമം പരിഹാസ്യമാണ്‌. ടോള്‍ സമരത്തിന്റെ ജയപരാജയങ്ങള്‍ പി.ഡി.പിക്കു മാത്രമാണവകാശപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങളില്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ സംഘടിക്കുന്ന കാഴ്‌ച സംസ്‌ഥാനം മുഴുവന്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മുതുവട്ടൂരില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ചുറ്റി താലൂക്ക് ഓഫീസ് പരിസരത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, ജില്ലാ സെക്രട്ടറി കടലായി സലിം മൗലവി, ജില്ലാ ട്രഷറര്‍ അബ്ദുള്‍ഖാദര്‍ കൊരട്ടിക്കര, സെക്രട്ടേറിയറ്റംഗം എന്‍.പി. രംജിത്ത്,സമരസമിതി കണ്‍വീനര്‍ എ.എച്ച്. മുഹമ്മദ്, പി.ഡി.പി. ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്‌നുദ്ദീന്‍ കറുകമാട്, ഹുസൈന്‍ കറുകമാട്, പി.ഡി.പി. ജില്ലാ വൈസ് പ്രസിഡണ്ട്‌ ഫിറോസ് കോട്ടപ്പടി, എ.എച്ച്. ഷെക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.