മഅദനിയുടെ ജാമ്യാപേക്ഷ: മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി, ജാമ്യാപേക്ഷ ഒക്‌ടോബര്‍ മൂന്നിനു വീണ്ടും പരിഗണിക്കും


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നല്‍കിയ ജാമ്യഹര്‍ജിയില്‍ മഅദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഒക്‌ടോബര്‍ മൂന്നിനകം ഹാജരാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ മൂന്നിന് മുമ്പായി റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ദാസ് പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടത്. ഇതോടൊപ്പം സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ജാമ്യാപേക്ഷ ഒക്‌ടോബര്‍ മൂന്നിനു വീണ്ടും പരിഗണിക്കും

അനാരോഗ്യം കണക്കിലെടുത്ത് സ്വതന്ത്ര ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. പ്രമേഹം അടക്കമുള്ള പലവിധ അസുഖങ്ങള്‍ മഅദനിയുടെ ആരോഗ്യത്തെ തളര്‍ത്തിയതായി അഭിഭാഷകന്‍ രവിവര്‍മകുമാര്‍ കോടതിയെ ബോധിപ്പിച്ചു. കടുത്ത പ്രമേഹ രോഗിയായ മഅദനി വീല്‍ചെയറിന്റെ സഹായത്തോടെയാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഒരു കാല്‍മുട്ടിനുതാഴെ മുറിച്ചുമാറ്റിയിട്ടുണ്ട്. ഹൃദ്രോഗം, നടുവേദന, സ്‌പോന്‍ഡിലോസിസ്, ഡയബറ്റിക് റെറ്റിനോപതി എന്നീ അസുഖങ്ങള്‍ മഅദനിയെ അലട്ടുന്നു. 


മഅദനിയുടെ കണ്ണിലെ രക്തധമനികള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്നും പ്രമേഹംമൂത്ത് കാഴ്ച മങ്ങിയ നിലയിലാണെന്നും കോടതിയില്‍ ബോധിപ്പിച്ചു. 2010 ആഗസ്ത് 17-നാണ് മഅദനിയെ അറസ്റ്റുചെയ്തത്. അറസ്റ്റിലായശേഷം മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കിയിട്ടില്ല. വലത്തെ കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇടത്തെ കണ്ണിന്റെ 70 ശതമാനം കാഴ്ചയും നഷ്ടപ്പെട്ട നിലയിലാണ്. വിദഗ്ധചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഗൗരവമായ ചികിത്സ ലഭ്യമാക്കിയിട്ടില്ല. സ്വന്തംചെലവില്‍ ചികിത്സിക്കാനുള്ള അനുവാദം നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. 

തന്‍േറതല്ലാത്ത കാരണത്താല്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ വിചാരണ നീണ്ടുപോകുകയാണെന്നും അതിനാല്‍ സ്വതന്ത്രമായി ചികിത്സിക്കാനായി ജാമ്യം അനുവദിക്കണമെന്നും മഅദനിക്കുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് മഅദനി സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ കീഴ്‌ക്കോടതികളും സുപ്രീംകോടതിയും തള്ളുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും കോടതിയെ സമീപിച്ചത്. 

മഅദനിക്ക് വിദഗ്ധചികിത്സ നല്‍കണമെന്നും എന്നാല്‍ ഇതിനായി ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് വിചാരണക്കോടതി സപ്തംബര്‍ ആറിന് ഉത്തരവിട്ടത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.