ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅദനി നേരിടുന്ന നീതിനിഷേധം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഇടപെടല്‍ ഉണ്ടാവുകയും വേണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍. കെട്ടിച്ചമക്കപ്പെട്ട കേസുകള്‍ സംബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ജനകീയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം വിചാരിച്ചാല്‍ ഒരാളെ എങ്ങനെ ക്രൂശിക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് മഅദനിയെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പതര കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന അദ്ദേഹത്തെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചതാണ്. വീണ്ടും കര്‍ണാടക പൊലീസ് കള്ളകേസില്‍ കുടുക്കി ജയിലിലാക്കിയ മഅദനിയുടെ ആരോഗ്യനില മോശമാണ്. അതിന്‍െറ പേരിലെങ്കിലും ജാമ്യം അനുവദിക്കാന്‍ കോടതികള്‍ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന മൗനമാണ് ഏറെ അപകടകരം. ദലിത്-പിന്നാക്ക ഐക്യത്തിന് വേണ്ടിയുള്ള വര്‍ത്തമാനങ്ങളാണ് മഅ്ദനി വേട്ടയാടപ്പെടാന്‍ കാരണം. മഅ്ദനിക്ക് സംഭവിച്ചത് നാളെ മറ്റുള്ളവര്‍ക്കും സംഭവിക്കാം. അതുണ്ടാകാതിരിക്കാന്‍ ദേശീയതലത്തില്‍ ജനാധിപത്യ, മതേതര വിശ്വാസികള്‍ ശബ്ദിക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ