![]() |
| ജസ്റിസ് മഅദനി ഫോറം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച ഐക്യദാര്ട്യ സംഗമം ബിആര്‍പി. ഭാസ്കര്‍ ഉത്ഘാടനം ചെയ്യുന്നു |
തിരുവനന്തപുരം: മുസ്‌ലിം യുവാക്കളെ തീവ്രവാദം ആരോപിച്ച് കേസില്‍ കുടുക്കാനായി സംഘപരിവാരത്തോടൊപ്പം ഐ ബിയുടെ അദൃശ്യ കരങ്ങളും പ്രവര്‍ത്തിക്കുണ്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിലെ ഐ എസ് ഐയെയും, റഷ്യയിലെ കെ.ജി.ബിയേയും പോലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശക്തിയായി ഐ ബിമാറുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മഅദനി ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബി ആര്‍ പി. ഒരു മുസ്ലിം തീവ്രവാദിയാണെന്ന് പറഞ്ഞാല്‍ തെളിവില്ലാതെ വിശ്വസിക്കുന്ന മധ്യവര്‍ഗമാണ് നിലവിലുള്ളത്. അങ്ങനെ സംവിധാനിച്ചതിന്റെ ഉത്തരാവിദിത്വം ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, രഹസ്യാന്വേഷണ വിഭാഗത്തിനുമാണ്. നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ സംഘപരിവാര നേതാക്കള്‍ക്കെതിരേ കോടതിവിധിയുണ്ടായ അന്നുതന്നെ ബാംഗ്ലൂരില്‍ വിദ്യാസമ്പന്നരായ യുവാക്കളെ തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതില്‍ ഗൃഢാലോചനയുണ്ട്. പിടിയിലായവരെ കുറിച്ച് കേന്ദ്രവും, സംസ്ഥാനവും വ്യത്യസ്ഥമായ കാര്യങ്ങളാണ് പറയുന്നത്. പ്രതിരോധവിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് കേന്ദ്രആഭ്യന്തര സെക്രട്ടറി പറയുമ്പോള്‍ അങ്ങനെയൊന്നുമില്ല ഒരു പത്രത്തിന്റെ പത്രാധിപരെ കൊല്ലാന്‍ മാത്രമാണ് പദ്ധതിയിട്ടതെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പറയുന്നു. കര്‍ണാടകയിലെ ഡി.ജി.പി വിദേശബന്ധത്തെ കുറിച്ച് പറയുമ്പോള്‍, കേസന്വേഷിക്കുന്ന പോലിസ് കമ്മീഷണര്‍ അതിനു തെളിവില്ലെന്ന് പറയുന്നു.
ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ പിടിയിലായവരെ കുടുക്കിയതാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാവും. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ എവിടേയും ആദ്യം പിടിയിലാവുന്നത് മുസ്ലിം യുവാക്കളായിരിക്കും. അവരെ പിടിക്കാന്‍ വലിയ ഉല്‍സാഹമാണ് അന്വേഷണ സംഘങ്ങള്‍ കാണിക്കാറ്. എന്നാല്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വരാണെന്ന് കണ്ടെത്തുമ്പോള്‍ അന്വേഷണം മന്ദഗതിയിലാവുന്നു. മലഗോവ്, മക്കാമസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിനു തെളിവാണ്. പൊതുസമൂഹത്തിന് മുന്നില്‍ മഅദനി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് അദ്ദേഹത്തിനെ കാരഗ്രഹത്തിലേക്ക് അയച്ചത്. പഴയ വ്യവസ്ഥിയുടെ ഗുണഭോക്താക്കളാണ് ഇപ്പോഴും ഭരണകൂടങ്ങളിലുള്ളത്. അവര്‍ക്ക് ദഹിക്കുന്ന മുദ്രാവാക്യമായിരുന്നില്ല അദ്ദേഹത്തിന്റേത്. മഅദനിയുടെ മോചനത്തിനായി ബിനായക് സെന്നിന്റെ മോചനത്തിനു പ്രവര്‍ത്തിച്ച മാതൃകയില്‍ അന്തര്‍ദേശീയ തലത്തില്‍ ശക്തമായ ക്യാംപയ്‌നുകള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമനിരൂപകന്‍ ഭാസുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ ടി ജലീല്‍, ജമീലാപ്രകാശം, മുന്‍മന്ത്രി ഡോക്ടര്‍ നീലലോഹിദദാസ്‌നാടാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, അഡ്വ.കെ പി മുഹമ്മദ്, എച്ച് ഷഹീര്‍ മൗലവി, ഷാഫി നദ്‌വി, സാജിദ് അഞ്ചല്‍, അഡ്വ.എ എം കെ നൗഫല്‍, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം പനവൂര്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ