കണ്ണൂര്‍: കര്‍ണ്ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ ആര്‍.എസ്.എസ്.കാരനായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ തെറ്റിദ്ദരിപ്പിച്ചത് മൂലമാണ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യം ലഭിക്കാതെ പോയതെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിഷ്പക്ഷനായ ജഡ്ജിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടാവുമെന്നാണ് കരുതിയതെങ്കിലും കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കഥകളുണ്ടാക്കി സത്യവാങ്മൂലം നല്‍കിയതിനാല്‍ ജാമ്യം നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജാമ്യവും ചികിത്സയും നല്‍കാതെ അദ്ദേഹത്തെ ഇല്ലാതാക്കാനും അതുവഴി മുസ്ലിം യുവാക്കളില്‍ തീവ്രവികാരം ഇളക്കിവിട്ട് വര്‍ഗീയ കാര്‍ഡിറക്കി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുമുള്ള ബി.ജെ.പിയുടെ ശ്രമമാണിത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എട്ടുതവണയെങ്കിലും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. മഅദനിയുടെ ജീവന്‍ നിലനിലനിര്‍ത്താന്‍ ചികിത്സ ഉറപ്പാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ലീഗിന്റെ സമ്മര്‍ദമുണ്ടെന്നുപറഞ്ഞ് നിസ്സഹായത വെളിപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. തീവ്രമുസ്ലിം മനോഭാവം ലീഗ് ആസ്വദിച്ചു തുടങ്ങിയതിന്റെ തെളിവാണ് അവര്‍ മുഖ്യമന്ത്രിക്കുമേല്‍ ചെലുത്തുന്ന സമ്മര്‍ദം. മഅദനി കേരളത്തിലെ പൗരനെന്ന നിലയില്‍ മാനുഷിക ഇടപെടല്‍ നടത്തുന്നതിനുപകരം മുഖ്യമന്ത്രി ലീഗിന് അടിമപ്പെടുന്നത് അപമാനകരമാണ്.
ഇ.ടി. മുഹമ്മദ് ബഷീറിനെപോലുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഅദനിക്കുവേണ്ടി ലീഗില്‍ ഉയരുന്നുണ്ട്.മഅദനിയെ ജയിലിലടക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയെക്കുറിച്ച് പൂര്‍ണമായി അറിയാവുന്ന സി.പി.എം കേരള നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തത് ഹൈന്ദവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന പേടികൊണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു.
മഅദനിയുടെ നീതിനിഷേധം ഉയര്‍ത്തി പി.ഡി.പി. പ്രക്ഷോഭം ശക്തമാക്കും. ഇതിന് രൂപംനല്‍കാന്‍ 29ന് തൃശൂരില്‍ പാഠശാല സംഘടിപ്പിക്കും. 'ജീവന്‍ തരാം മഅദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തി മരണംവരെയുള്ള നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് പാര്‍ട്ടി രൂപം നല്‍കും. ഇതിന് മുന്നോടിയായി മനുഷ്യാവകാശപ്രവര്‍ത്തരെ സംഘടിപ്പിച്ച് 'മലബാര്‍ സംഗമം' എന്നപേരില്‍ കൂട്ടായ്മ ഒരുക്കും. ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയിലാണ് പരിപാടിയെന്നും നിസാര്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹംസ മാലൂര്‍, ജില്ലാ പ്രസിഡന്റ് സുബൈര്‍ പുഞ്ചവയല്‍, ഷാജഹാന്‍ കീഴ്പ്പള്ളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ