മഅ‌ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി


കോഴിക്കോട്: മഅ‌ദനിയുടെ ആരോഗ്യ വിഷയത്തില്‍ ഇടപെടേണ്ട മുഖ്യമന്ത്രി ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മൗനം തുടുന്നത് കടുത്ത അനീതിയാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ 40-ലേറെ കേസില്‍ പ്രതിയെന്നും കോയമ്പത്തൂര്‍ കേസില്‍ പ്രതിയെന്നുമെല്ലാം ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചാണ് കര്‍ണാടക പൊലീസ് ജാമ്യാഹരജി തള്ളിച്ചത്. വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് എട്ടിലധികം തവണ മുഖ്യമന്ത്രിയെ പി.ഡി.പി. നേതൃത്വം സമീപിച്ചെങ്കിലും ലീഗിന്റെ നിലപാടിന് മുന്നില്‍ പരിമിതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു പൗരന്റെ ഭരണഘടന ഉറപ്പുനല്കുന്ന മനുഷ്യവകാശവിഷയത്തില്‍ പോലും ലീഗിന്റെ നിലപാടിന് അടിമപ്പെടുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനമാണ്. രാജ്യത്ത് മുസ്‌ലീം യുവാക്കള്‍ അന്യായമായി പീഡിപ്പിക്കപെടുന്നുവെന്ന് സി.പി.എം കേന്ദ്രനേതൃത്വം പരസ്യമായി പറഞ്ഞിട്ടും മഅ‌ദനി വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് പരിപൂര്‍ണ്ണമായി അറിയുന്ന സി.പി.എം നേതൃത്വം അഭിപ്രായം പറയാതെ കുറ്റകരമായ മൗനം തുടരുന്നത് വോട്ട് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിക്കുക, മഅദനിക്ക് നീതി നല്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യനീതി, സമഗ്രവികസനം, സമാധാനസമൂഹം എന്ന വിഷയത്തില്‍ പി.ഡി.പി പാഠശാല 29ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മഅ‌ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പാഠശാലയില്‍ രൂപം നല്‍കും. ' ജീവന്‍ തരാം, മഅ‌ദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ പ്രക്ഷോഭം. ഇതില്‍ 1400-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. പാഠശാലയില്‍ ആദ്യഘട്ട അംഗത്വവിതരണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ഷംസുദീന്‍ പയ്യോളി, സെക്രട്ടറി ജാഫ്രി നല്ലളം, ഉമര്‍ പൂങ്കുന്നത്ത്, ഫൈസല്‍ ചാലിയം, ബഷീര്‍ കക്കോടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.