കൊല്ലം: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കുന്നതിനും, സാമാന്യനീതി ലഭ്യമാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി. സംഘടിപ്പിക്കുന്ന നിരന്തര പ്രക്ഷോഭത്തിന്റെ ഭാഗമായി 19ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ പി.ഡി.പി. സംസ്‌ഥാന ജില്ലാ നേതാക്കള്‍ നിയമസഭക്ക് മുന്നില്‍ ഉപവസിക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറസിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.
കാഴ്ചക്കുറവുള്‍പ്പെടെ ഗുരുതരമായ പ്രശ്‌നത്തില്‍ കഴിയുന്ന മഅദനിയെ കേരളത്തിലെ ജയിലിലേക്ക് മാറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.മഅദനിയെ കേരളത്തിലെ ജയിലിലേക്ക് മാറ്റി മതിയായ ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കേസിന്റെ വിചാരണ വീഡിയോ കൊണ്ഫറന്‍സ് വഴി നടത്താന്‍ സൌകര്യമൊരുക്കണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു. ഡിസംബര്‍ അവസാനവാരത്തോടെ പി.ഡി.പി. നടത്താനുദ്ദേശിക്കുന്ന ജനസഭ വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.
പി.ഡി.പി. വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംഘടനാ ജനറല്‍ സെക്രട്ടറി കൊട്ടാരക്കര സാബു, സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ നിസാര്‍ മേത്തര്‍, കേരളപുരം ഫൈസല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ