മലപ്പുറം: ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണതടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി മത, രാഷ്ട്രീയ ഭേദമെന്യേ ശബ്ദിക്കേണ്ട സമയമായെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം നിയമവിരുദ്ധ നിയമമായി മാറിയിരിക്കുന്നു. ഇതിന്റെ ഇരയായാണ് മഅദനി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്നത്. ഭരണകൂടത്തിന്റെ ഇത്തരം നടപടികളാണ് യഥാര്‍ത്ഥത്തില്‍ ഭീകരത ഉല്‍പാദിപ്പിക്കുന്നതെന്നും ബേബി പറഞ്ഞു. മലപ്പുറം പുത്തനത്താണിയില്‍ പി.ഡി.പി. സംഘടിപ്പിച്ച മലബാര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എ ബേബി.
'മഅദനിയെ തരൂ, ജീവന്‍ തരാം' എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. ആരംഭിക്കുന്ന നിരന്തര പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചാണ് മലബാര്‍ സംഗമം സംഘടിപ്പിച്ചത്. മഅദനിയെ ജയിലിലടക്കാന്‍ വേണ്ടി നിയമവിരുദ്ധ ഗൂഢാലോചന നടന്നതായി അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തന്നെ നിയമവിരുദ്ധമാണ്. നിരപരാധികളെ വര്‍ഷങ്ങളോളം ജയിലിലിട്ട ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയാണ് ചെയ്യുന്നത്. മഅദനിയും ഈ നീതി നിഷേധത്തിന് ഇരയായാണ് ജയിലില്‍ കഴിയുന്നത്.
സമൂഹം ചെയ്ത തെറ്റിന് പശ്ചാത്താപമെന്ന നിലയിലാണ് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ മഅദനിയുമായി സി.പി.ഐ(എം) നേതാക്കള്‍ വേദി പങ്കിട്ടത്. ഇപ്പോള്‍ വീണ്ടും മഅദനിക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമായിരിക്കുന്നതായും എം.എ ബേബി പറഞ്ഞു.
സംഗമത്തില്‍ പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക ജനതാദര്‍ വൈസ് പ്രസിഡണ്ട് ദേവി പ്രസാദ് ഷെട്ടി മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എസ്.വെങ്കിടേഷ് (കര്‍ണ്ണാടക), ജനതാദള്‍ എസ് നേതാവ് മുന്‍ മന്ത്രി ഡോ. നീലലോഹിതദാസ് നാടാര്‍, മാര്‍ ബസേലിയോസ് കാത്തോലിക്കാ ബാവ, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി, പി.ഡി.പി. വൈസ് ചെയര്‍മാന്‍ സുബാരി സബാഹി, വൈസ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ സംഗമത്തിന് ആശംസ അര്‍പ്പിച്ചു ചെയര്‍മാന്‍ നല്‍കിയ സന്ദേശം പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബ് വാഹിച്ചു. പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് മനുഷ്യാവകാശ സന്ദേശം നല്‍കി. എ.പി അബൂബക്കര്‍ മുസലിയാരുടെ സന്ദേശം പി.ഡി.പി. സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാദുഷ മൌലവി വായിച്ചു. 'മഅദനിക്ക് നീതി തേടിയുള്ള പ്രക്ഷോഭം ഇന്ന്' ഇന്നലെ എന്ന വിഷയത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര വിഷയാവതരണം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ