ബാംഗ്ലൂര്‍ : പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ എ.പി. അബൂക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിച്ചു. എസ്.വൈ.എസ്. കേരള സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, മര്‍ക്കസ് കേരള വി.സി. ഡോ. ഹുഹൈന്‍ സഖാഫി ചുള്ളിക്കോട്, രിസാല പത്രാധിപര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, കര്‍ണാടക വഖഫ് ബോര്‍ഡ് ഡയറക്ടര്‍ ശാഫി സഅദി എന്നിവരോടൊപ്പമാണ് അദ്ദേഹം ജയിലിലെത്തിയത്.
കാന്തപുരം കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
ബാംഗ്ലൂര്‍:ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് നീതിപൂര്‍വമായ വിചാരണയും അടിയന്തരമായി ജാമ്യവും അനുവദിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, അഭ്യന്തരമന്ത്രിയുടെ ചുമതലുള്ള ഉപമുഖ്യമന്ത്രി ആര്‍. അശോക് എന്നിവര്‍ക്ക് നിവേദനം നല്‍കിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനിയുടെ നില സഹതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നശിച്ചിട്ടുണ്ട്. രണ്ടാമത്തെ കണ്ണിനും കാഴ്ച മങ്ങിത്തുടങ്ങി. ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്രണങ്ങള്‍ വന്നിട്ടുണ്ട്. കടുത്ത പ്രമേഹമാണ് ഇതിന് കാരണമെന്നാണ് മഅദനി അറിയിച്ചത്. മൂക്കിലെ പഴുപ്പ് മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. കഴിയുന്നതും വേഗം അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഅദനിയുടെ വിചാരണത്തടവിനെ മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തത് ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ചയില്ലായ്മയെയാണ് കാണിക്കുന്നതെന്നും എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. വിചാരണയില്ലാതെയുള്ള മഅദനിയുടെ ജയില്‍ വാസം നീതിനിര്‍വഹണ രംഗത്തെ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു മലയാളി എന്ന നിലയില്‍ മഅദനിയുടെ കാര്യത്തില്‍ ഇടപെടാന്‍ കേരള നിയമസഭയ്ക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. കേരള മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ എടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. മഅദനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. മഅദനിക്ക് ലഭിക്കുന്ന നീതി നിഷേധം ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായതന്നെ മോശമാക്കിയെന്നാണ് വിദേശരാജ്യങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച അനുഭവം. മഅദനിക്ക് നീതി ലഭിക്കുന്നതിനായി മുന്നിട്ടിറങ്ങിയത് മാനുഷിക പരിഗണനയിലാണ്. ഇതിന് പിന്നില്‍ മറ്റ് ലക്ശ്യങ്ങളില്ല. ജനാധിപത്യ മതേതരത്വ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും കടപ്പാടും ഊട്ടിയുറപ്പിക്കുന്ന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതി നടപടിക്രമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് മഅദനിയുടെ കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കിക്കൊണ്ടുള്ള നിലപാട് എടുക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
അതോടൊപ്പം മദനിക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്നും ഉറപ്പ് നല്‍കി. കോയമ്പത്തൂര്‍ സ്‌ഫോടക കേസില്‍ വിചാരണത്തടവുകാരനായി പത്ത് വര്‍ഷത്തോളം ജയിലില്‍ കിടന്നതിനുശേഷം കുറ്റവിമുക്തനാക്കിയ കാര്യവും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചാ സമീപനമുണ്ടായിട്ടുണ്ടെന്നും ഇതില്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ