കൊച്ചി: വിചാരണത്തടവുകാരനായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ ജീവന്‍ അപകടത്തിലാണെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി മരണം വരെ നിരാഹാരമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി തുടക്കം കുറിക്കുമെന്നും പി ഡി പി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവന്‍ തരാം, മഅദനിയെ തരൂ എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ആരംഭം കുറിച്ച് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും.
2013 മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാരസമരത്തിന് തുടക്കമാവും. മഅദനിക്ക് നീതി ലഭ്യമാക്കുന്നതിന് സംസ്ഥാന നിയമസഭ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് 19ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ നിയമസഭയ്ക്കു മുമ്പില്‍ ഉപവാസം നടത്തും. 26 മുതല്‍ ജനുവരി 11 വരെ സംസ്ഥാനത്തെ പഞ്ചായത്ത്, മണ്ഡലം തലങ്ങളിലും ജനുവരി 15 മുതല്‍ 30 വരെ ജില്ലാ തലങ്ങളിലും സമരപ്രചാരണ കണ്‍വന്‍ഷന്‍ നടത്തും. ഫെബ്രുവരി 13ന് വൈകീട്ട് മൂന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ സമരവിളംബര സമ്മേളനം നടത്തും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 12 വരെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ സമരപ്രചാരണ സന്ദേശ കേരളാ യാത്ര നടത്തും. യാത്ര പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് നയിക്കും. 12ന് വൈകീട്ട് അഞ്ചിന് യാത്ര തിരുവന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് 13 മുതല്‍ മരണം വരെ നിരാഹാരം സമരം ആരംഭിക്കും.
മഅദനിക്കെതിരേയുള്ള നീതി നിഷേധം തുടരുന്ന പക്ഷം സമരം പാര്‍ട്ടിയുടെ കീഴ്ഘടകത്തിലേയ്ക്കും പ്രവര്‍ത്തകരിലേയ്ക്കും വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് സ്വകാര്യ ചെലവില്‍ ചികില്‍സ നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്. വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്റെ കാഴ്ച ഭാഗീകമായും നഷ്ടപ്പെട്ട വികലാംഗനും നിരവധി രോഗങ്ങള്‍ക്ക് അടിമയുമായ മഅദനിയ്ക്ക് ആശുപത്രിയില്‍ സഹായിയെ പോലും അനുവദിക്കില്ലെന്ന നിലപാട് വേദനാജനകമാണ്.
മതപണ്ഡിതനായ മഅദനിയുടെ കാര്യത്തില്‍ ലീഗ് ആത്മപരിശോന നടത്തണമെന്നും അധികകാലം ലീഗിന് നിശബ്ദമായി തുടരാന്‍ കഴിയില്ലെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, നിസാര്‍ മേത്തര്‍, മുജീബ് റഹ്മാന്‍, പി.ഡി.പി. ഏറണാകുളം ജില്ലാ സെക്രട്ടറി ഷജീര്‍ കുന്നത്തേരി എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ