ചികിത്സ തേടിയുള്ള ജാമ്യ ഹര്‍ജി വിധി പറയുന്നതിനായി മാറ്റി

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനി ചികിത്സ തേടി നല്‍കിയ ജാമ്യ ഹര്‍ജി വിധി പറയുന്നതി നായി മാറ്റി. ഹര്‍ജിയിലെ ഇരു കക്ഷികളുടെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ ദാസ് വിധി പറയുന്നതിനായി മാറ്റിയത്. 

പ്രമേഹം അടക്കമുള്ള നിരവധി അസുഖങ്ങള്‍ മഅദനിയുടെ ആരോഗ്യത്തെ തളര്‍ത്തുന്നുണ്ടെന്നും കടുത്ത പ്രമേഹ രോഗിയായ മഅദനി വീല്‍ചെയറിന്റെ സഹായത്തോടെയാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നതെന്നും മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഒരു കാല് മുട്ടിന് താഴെ മുറിച്ച് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗം, നടുവേദന, സ്‌പോന്‍ഡിലോസിസ്, ഡയബറ്റിക് റെറ്റിനോപതി എന്നീ അസുഖങ്ങള്‍ മഅദനിയെ അലട്ടുന്നു. മഅദനിയുടെ കണ്ണിലെ രക്തധമനികള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്നും പ്രമേഹം മൂത്ത് കാഴ്ച മങ്ങിയ നിലയിലാണെന്നും കോടതിയില്‍ ബോധിപ്പിച്ചു.

കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതിനു പകരമായി കിടത്തി ചികിത്സാ സൗകര്യമില്ലാത്ത ബാംഗ്ലൂരിലെ ആര്യ വൈദ്യശാല ശാഖയില്‍നിന്നാണ് മരുന്നുകള്‍ നല്‍കിയതെന്നും മഅദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മൂന്നാഴ്ചക്കുശേഷം വീണ്ടും വരണമെന്നും ആറുമാസം കഴിഞ്ഞ് വീണ്ടും കിടത്തി ചികിത്സ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതുണ്ടായില്ല.കര്‍ണാടക ഡയബറ്റിക് സെന്‍ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ കണ്ണിനെ പ്രമേഹം ബാധിച്ചതായും മൂന്നു മാസത്തിനു ശേഷം വീണ്ടും ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷമാണ് പിന്നീട് ഇവിടെ പ്രവേശിപ്പിച്ചത്. ഇതാണ് കണ്ണിന്‍െറ കാഴ്ച നഷ്ടമാവാനിടയാക്കിയതെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ രീതി തുടര്‍ന്നാല്‍ വിചാരണ നേരിടാന്‍ മഅദനി ജീവിച്ചിരിക്കില്ലെന്നും ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അഗര്‍വാള്‍, സൗഖ്യ എന്നീ ആശുപത്രികളിലേതെങ്കിലുമൊന്നില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചികിത്സക്ക് അനുമതി നല്‍കണമെന്ന നിര്‍ദേശം പ്രതിഭാഗം മുന്നോട്ടുവെച്ചപ്പോള്‍ ആശുപത്രിയുടെ പേര് എഴുതി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ അപേക്ഷ വ്യാഴാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും.

എന്നാല്‍ മഅദനിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നുമുള്ള  വിചിത്രമായ വാദമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എച്ച്.എസ്. ചന്ദ്രമൗലി കോടതിയില്‍ ബോധിപ്പിച്ചത്‌. മഅദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 

2010 ആഗസ്ത് 17നാണ് മഅദനിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായതിനുശേഷം മഅദനിക്ക് വിദഗ്ധ ചികില്‍സ നല്‍കിയിട്ടില്ല. വിദഗ്ധ ചികില്‍സ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഗൗരവമായ ചികിത്സ ലഭ്യമാക്കിയിട്ടില്ല. സ്വന്തം ചെലവില്‍ ചികില്‍സിക്കാനുള്ള അനുവാദം നല്‍കണമെന്നും മഅദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഅ ദനിക്ക് വേണ്ടി മുതിരന്ന അഭിഭാഷകന്‍ അഡ്വ.രവികുമാര്‍, അഡ്വ.ഉസ്മാന്‍ എന്നിവര്‍ ഹാജരായി.

1 അഭിപ്രായം:

  1. അല്ലാഹുവേ ഞങ്ങളുടെ പ്രിയപ്പെട്ട മദനി ഉസ്താദിന് ജയില്‍ മോചനം എളുപ്പമാക്കട്ടെ ആമീന്‍ യാറബ്ബല്‍ ആലമീന്‍ .

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.